“നീ ചുമ്മാ ഓരോന്ന് പറഞ്ഞ് കൊതിപ്പിക്കുവാണോ?”
അവള്‍ സംശയത്തോടെ ചോദിച്ചു.
“നിന്നോട് വര്‍ത്താനം പറഞ്ഞാല്‍ ആരും വിചാരിക്കും പാലസ്തീന്‍ പോലെ സമാധാനവും ഭംഗിയുമുള്ള വേറെ സ്ഥലമില്ലെന്ന്…പക്ഷെ റിയാലിറ്റിയോ…? എന്നും ബോംബിങ്ങും റേപ്പും കൊലയും…”
അവന്‍ പുഞ്ചിരിച്ചു.
“മാഡം വേഗം ഒരുങ്ങ്…”
അവന്‍ പറഞ്ഞു.
അവനെ നോക്കി മുഖത്ത് ഗൌരവഭാവം വരുത്തി അഫ്രീന്‍ അകത്തേക്ക് നടന്നു.
മുട്ടൊപ്പമെത്തുന്ന വെളുത്ത സ്കര്‍ട്ടും ഒരു ബ്ലാക്ക് ഷര്‍ട്ടും അവള്‍ അണിഞ്ഞു.
മുടി കോതിയൊതുക്കി, അധികം ടച്ച് അപ്പിനൊന്നും നില്‍ക്കാതെ ലിവിംഗ് റൂമിലേക്ക് വന്നപ്പോള്‍ ബ്ലാക്ക് ജീന്‍സും ക്രീം കളര്‍ ഷര്‍ട്ടുമിട്ട് ആബിദ് റെഡിയായി നില്‍ക്കുന്നത് അവള്‍ കണ്ടു.
“ബ്യൂട്ടിഫുള്‍…”
അവന്‍ മന്ത്രിക്കുന്നത് അവള്‍ കേട്ടു.
“പോടാ…”
അവന്‍റെ തലമുടിയില്‍ പതിയെ അമര്‍ത്തി അവള്‍ പുഞ്ചിരിച്ചു.
ആബിദ് അവന്‍റെ കാറെടുത്തു.
തെരുവിനിരുവശത്തും മേപ്പിള്‍ മരങ്ങള്‍ വളര്‍ന്നു നിന്നിരുന്നു. ഇലകള്‍ വീണു കിടക്കുന്നുണ്ട്. ഇലകള്‍ ചുവക്കാന്‍ തുടങ്ങിയിട്ടുണ്ട്.
നാലഞ്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ തെരുവ് മുഴുവന്‍ ചുവപ്പ് നിറത്തില്‍ മുങ്ങും, അവള്‍ ഓര്‍ത്തു.
“മാഡം കുടിക്കുമോ?”
ഇബിന്‍ സനാ സ്ട്രീറ്റിലെ ബിലാല്‍ മോസ്ക്ക് പിന്നിട്ടപ്പോള്‍ ആബിദ് ചോദിച്ചു.
“കൊള്ളാല്ലോ ചോദ്യം…”
അവള്‍ അവനെ നോക്കി.
“കണ്ണിലെ കൃഷ്ണമണിപോലെ എന്നോട് നോക്കാന്‍ ഏല്‍പ്പിച്ചതാ നിന്നെ നിന്‍റെ അബ്ബാ. എന്നിട്ട് ചോദിക്കുന്നു, ഞാന്‍ കുടിക്കുമോന്ന്!”