കയ്യിലിരുന്ന താക്കോല്‍ മേശമേല്‍ വെച്ച് അവന്‍ പറഞ്ഞു.
“പെട്ടെന്ന് വരില്ലേ?”
അവള്‍ ചോദിച്ചു.
“മാക്സിമം ഒരു പതിനഞ്ച് മിനിറ്റ്!”
“പതിനഞ്ചോ?”
അവള്‍ അവനെ രൂക്ഷമായി നോക്കി.
“എന്നിട്ടാണ് പെട്ടെന്ന് വരുമെന്ന് പറഞ്ഞത്! ഉം! പോയിട്ട് വാ!”
ആബിദീന്‍ പുറത്തേക്ക് പോയി.
ക്യാമറ മുമ്പിലെ കാഴ്ച്ചകളില്‍ ഫോക്കസ് ചെയ്ത് അഫ്രീന്‍ മുമ്പോട്ട് നീങ്ങിയപ്പോള്‍ ആണ് നിലത്ത് വിരിച്ചിരുന്ന ഒരു കമ്പളത്തില്‍ തട്ടി അവള്‍ വേച്ച് വീണത്.
“ഒഹ്!”
ഇടത് കൈമുട്ട് കംബളത്തിന് മുമ്പില്‍ കിടന്നിരുന്ന മേശയുടെ കാലില്‍ തട്ടിയപ്പോള്‍ വേദനയില്‍ അവളൊന്ന് മുരണ്ടു.
“കോപ്പ്!”
നിലത്തേക്ക് വീണ ക്യാമറയെടുത്തുകൊണ്ട് അവള്‍ പിറുപിറുത്തു. അതിന് പൊട്ടലൊന്നും പറ്റിയിട്ടില്ല.
അഫ്രീന്‍ കംബളത്തിലേക്ക് നോക്കി.
അവളുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു.
മേശയുടെ അടിയില്‍ എന്തിനാണ് കംബളം വിരിച്ചിരിക്കുന്നത്?
മേശയ്ക്ക് വിരിയിടാം.
ഈ മേശയ്ക്ക് വിരിയില്ല.
പകരം അത് ഒരു കംബളത്തിന്‍മേലാണ് ഇരിക്കുന്നത്.
ഒരു ഈജിപ്ഷ്യന്‍ ടേപ്പ്സ്ട്രിയാണ്.
ഫറവോ റഫറന്‍സുകള്‍ ഉണ്ടതില്‍.
അവള്‍ ആ മേശ കംബളത്തില്‍ നിന്നുംമാറ്റി.
ജനലിലൂടെ നോക്കിയപ്പോള്‍ ആബിദീനെ അവിടെയൊന്നും കണ്ടില്ല.
അഫ്രീന്‍ കംബളം മാറ്റി.
പ്രതീക്ഷിച്ചത് പോലെ ഒരു ഇരുമ്പ് ഹുക്ക് കണ്ടു. അതവള്‍ പിടിച്ചുയര്‍ത്തി. ഒരു കോണ്ക്രീറ്റ് ഫലകം അപ്പോള്‍ ഇളകി മാറി.
മുറിയിലെ പ്രകാശത്തില്‍, ഇളക്കി മാറ്റിയ ഫലകത്തിനടിയില്‍ താഴേക്ക് പോകുന്ന പടികള്‍ കണ്ട് അവള്‍ അതിലേക്ക് ഇറങ്ങി.